Friday, August 14, 2015

അപോത്തിക്കരി- ദൈവത്തിന്റെ വിരലുകള്‍

“അല്ലേലും ആളിനല്ലല്ലോ അക്കത്തിനാണല്ലോ ഇവിടെ കാര്യം!! വല്ല്യ വല്ല്യ അക്കങ്ങളുടെ കളിയല്ലിയോ ഇവിടെ........”- അപോത്തിക്കരി എന്ന ചിത്രത്തില്‍ ജയസുര്യയുടെ രോഗിയായ കഥാപാത്രം തന്റെ ഹോസ്പിറ്റല്‍  ഫയല്‍ നമ്പര്‍ ഓര്‍മ്മിപ്പിച്ചു പരിചയപ്പെടുത്തുന്ന സംഭാഷണശകലമാണ് ഇത്.

ഈ കുറച്ചു വാക്കുകള്‍ കൊണ്ട് തന്നെ ഏറെ പറയാതെ പറയുന്നു ഈ കഥാപാത്രം.

മാധവ രാമദാസ് എന്ന സംവിധായകന്റെ തൂലികയില്‍ നിന്ന് പിറന്ന ഈ സൃഷ്ടി സിനിമയുടെ ദൃശ്യപ്രധാന സാധ്യതകളെ നാടകങ്ങളുടെ ആശയ പ്രചാരണ രീതിയുമായി സമന്വയിപ്പിക്കുന്നതില്‍ നന്നായി വിജയിച്ചതായി തോന്നി.

ആതുരാലയങ്ങളാകേണ്ട ആശുപത്രികള്‍ അറവുശാലകളാകുന്ന ദുരവസ്ഥ വെളിപ്പെടുത്തുന്ന ഒട്ടേറെ കലാസൃഷ്ടികള്‍ പലഭാഷകളിലും ഇറങ്ങിയിട്ടുണ്ട്.ഇവിടെയാണ്‌ , സിനിമ എന്ന മാധ്യമം നല്‍കുന്ന വിശാലമായ മേച്ചില്‍പ്പുറങ്ങളെ , നാടകപ്രസ്ഥാനങ്ങളില്‍ പലതിന്റെയും മുഖമുദ്രയായ, സംഭാഷണപ്രധാനമായ രീതിയുമായി സമന്വയിപ്പിച്ചുകൊണ്ടു ഈ സംരഭം വ്യത്യസ്തമാകുന്നത്.
ഔഷധനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായ ഹ്യുമണ്‍ ക്ലിനികല്‍ ട്രയല്‍സിന്‍റെ ചില വശങ്ങളെ.....ഒരു ഡോക്ടറും രോഗിയുമായുള്ള ഒരു പ്രത്യേക സാഹചര്യത്തിലെ കണ്ടുമുട്ടലിലെ സംഭാഷണങ്ങളില്‍ കൂടിയും ഫ്ലാഷ്ബാക്കുകളില്‍‍ - അവര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളിലൂടെയും വളരെ വ്യത്യസ്തമായി വരച്ചുകാട്ടുന്നതില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിജയിച്ചു എന്ന് വേണം കരുതാന്‍. ഏതൊരു നാടകശാലയിലായാലും അവതരണരീതിയിലായാലും സംവേദനം ചെയ്യാന്‍ കഴിയാത്ത ചില ഭാഗങ്ങളെ സിനിമയുടെ സാധ്യതകള്‍ ഉപയോഗിച്ച് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു ഇവര്‍ക്ക്.

പിന്നെ എടുത്ത്പറയേണ്ടത് ഈ ചിത്രത്തിന്‍റെ ശബ്ദസംവിധാനം ആണ്.ശബ്ദകോലാഹലങ്ങളുടെ ഈ കാലത്ത് ഒരിറ്റു നേരത്തെ അവയുടെ അഭാവം പോലും സൃഷ്ടിക്കുന്ന ആഘാതം ഈ ചിത്രത്തില്‍ പലയിടത്തും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.കൂടാതെ സംഭാഷണപ്രധാനമായ മുഹൂര്‍ത്തങ്ങളില്‍ മലയാള ചിത്രങ്ങളില്‍ കണ്ടു ശീലിച്ച അട്ടഹാസങ്ങള്‍ക്ക്‌ പകരം മനസ്സില്‍ തറക്കുന്ന ചില കൂരമ്പുകള്‍ എയ്യാനും തിരക്കഥാകൃത്ത‌് മറന്നിട്ടില്ല.

ഈ ചിത്രത്തിനു വേണ്ടി കഥാകൃത്ത്‌ നടത്തിയ അന്വേഷണങ്ങളുടെ ഗുണഫലങ്ങള്‍ ചിത്രത്തിലുടനീളം പ്രകടമാണ്.ആശുപത്രികള്‍ കച്ചവടസ്ഥാപനങ്ങള്‍ ആകുന്ന പരസ്യമായ രഹസ്യം തന്‍റേതായ രീതിയില്‍ വരച്ചു കാട്ടാനും ചില ആശുപത്രി രീതികളുടെ പിന്നിലെ കഥകളെ മനസിലാക്കിത്തരാനും ഈ അന്വേഷണങ്ങള്‍ സഹായിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.ഈ ചിത്രത്തിന്‍റെ അവസാനഭാഗങ്ങളില്‍ നാടകസ്വാധീനം കൂടുതലായി കാണാമെങ്കിലും അവയും വളരെ നല്ല തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

തന്‍റെ മൂല്യങ്ങള്‍ക്കെതിരെയെങ്കിലും , ചില കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന ഡോക്ടറായി, തന്മൂലം വ്യാകുലപ്പെടുന്ന മനുഷ്യനായി സുരേഷ് ഗോപി വളരെ നല്ല പ്രകടനം കാഴ്ചവെക്കുന്നു. എന്നാല്‍ നിസംശയം പറയാം സുബിന്‍ ജോസഫ്‌ എന്ന രോഗിയായി നിറഞ്ഞു ജീവിച്ച ജയസുര്യ തന്നെയാണ് നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുക. വിധിയുടെ മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ഒരു തനി നാട്ടിന്പുറത്തുകാരന്റെ നേര്‍ക്കാഴ്ച.ഒരു മനുഷ്യന്‍ രോഗിയാകുമ്പോള്‍ അവന്റെ ഉറ്റവരും ഉടയവരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പരാധീനതകളും നമ്മളെ ഓര്‍മപ്പെടുത്തുന്നു ഈ ചിത്രം.ജോസഫ്‌ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സ് എന്ന അതുല്യ പ്രതിഭയുടെ പ്രകടനം നമ്മെ പിടിച്ചുലക്കും.ആസിഫ് അലി തുടങ്ങി മറ്റു അഭിനേതാക്കളും വളരെ നല്ല പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
“ദേവാലയങ്ങളെക്കാള്‍ എത്രയോ ഇരട്ടി പ്രാര്‍ത്ഥനകള്‍ നടക്കുന്നത് ഇത് പോലെയുള്ള ആശുപത്രികളിലാണ്.”- എന്ന വാചകത്തിലൂടെ ഒരു നല്ല സന്ദേശം നല്‍കി ലക്ഷോപലക്ഷം ആതുരസേവകര്‍ക്ക് പ്രചോദനം നല്‍കാനും ഈ ചിത്രം ശ്രമിക്കുന്നു.

മേല്‍വിലാസം എന്നാ ഒരൊറ്റ സൃഷ്ടിയിലൂടെ തന്നെ മലയാളസിനിമയുടെ ചരിത്രത്തില്‍ ഒരു പുത്തന്‍ എട് രചിച്ച സംവിധായകന്‍ തന്റെ അടുത്ത പരീക്ഷണത്തിലൂടെ ഒരു പടി കൂടി മുന്നിലെത്തി എന്ന് തന്നെ പറയാം.അദ്ദേഹത്തിനും ഇനിയും ചിന്തോദീപകമായ ഇത്തരം സൃഷ്ടികള്‍ക്ക് സാധിക്കട്ടെ.